ഗുജറാത്തിൽ പുതിയ ഫിൻടെക് ഓപ്പറേഷൻ സെന്റർ തുടങ്ങുമെന്ന് സുന്ദർ പിച്ചൈ..
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആൽഫബൈറ്റ് സിഇഒ സുന്ദർ പിച്ചൈയും കൂടിക്കാഴ്ച്ച നടത്തി. മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച വാഷിങ്‌ടണിലാണ് ഇരുവരും തമ്മിൽ കണ്ടത്. സാങ്കേതിക വിദ്യ മേഖലയിൽ ഇന്ത്യ അസാധാരണ വളർച്ച കൈവരിച്ചെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സുന്ദർ പിച്ചൈ പ്രതികരിച്ചു. ഈ രംഗത്ത് ഇന്ത്യയുമായുള്ള പങ്കാളിത്തം തുടരുമെന്ന് പറഞ്ഞദ്ദേഹം ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ(GIFT) ഗ്ലോബൽ ഫിൻടെക് ഓപ്പറേഷൻ സെന്റർ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. ഒപ്പം 1000 കോടി ഡോളറിന്റെ ഡിജിറ്റൈസേഷൻ ഫണ്ട് നിക്ഷേപം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. 2022 ലാണ് ഗൂഗിൾ ഡിജിറ്റൈസേഷൻ ഫണ്ട് ഇന്ത്യയ്ക്ക് പ്രഖ്യാപിച്ചത്. വരുന്ന അഞ്ചോ ഏഴോ വർഷത്തേയ്ക്കുള്ള നിക്ഷേപമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാട് മറ്റ് രാജ്യങ്ങൾക്ക് മാതൃകയാക്കാവുന്ന ബ്ലൂ പ്രിന്റ് ആണെന്നും സുന്ദർ അഭിപ്രായപ്പെട്ടു.
ആർട്ടിഫിഷൽ ഇന്റലിജൻസ്, ഫിൻടെക്,ഗവേഷണങ്ങളുടെ പ്രോത്സാഹനം,വികസനം എന്നിവയെ സംബന്ധിച്ച് പിച്ചെയുമായി മോദി ചർച്ച നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
2022ൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ സുന്ദർ പിച്ചൈ ജി-20 അധ്യക്ഷ പദവിയിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.ജി20യിൽ ഇന്ത്യയുമായുള്ള പങ്കാളിത്തവും രാജ്യത്തിനുള്ള പിന്തുണയും തുടരുമെന്ന് സുന്ദർ പിച്ചൈ വാഷിങ്ടണിൽ വെള്ളിയാഴ്ച്ച പറഞ്ഞു.
Image Source;Google