പ്രശസ്ത എഡ് ടെക് കമ്പനിയായ ബൈജൂസ് തങ്ങളുടെ കോഡിങ് പ്ലാറ്റ്ഫോമായ "വൈറ്റ്ഹാറ്റ് ജൂനിയർ'' അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ടുകൾ. രണ്ടുവർഷം മുമ്പാണ് ഏകദേശം 300 ദശലക്ഷം യു എസ് ഡോളർ നൽകി കമ്പനി ഈ പ്ലാറ്റ്ഫോം ഏറ്റെടുത്തത്. ഈ അടുത്തകാലത്തായി കമ്പനി നേരിട്ട പ്രതിസന്ധി മൂലം ആണ് ഇത് അടച്ചുപൂട്ടുന്നത് എന്നാണ് സൂചന. അത് മാത്രമല്ല ഈ അടുത്ത സമയങ്ങളിലായി ഏതാണ്ട് 12,000 ജീവനക്കാരെയോളം കമ്പനി പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. കേരളത്തിൽ നിന്ന് അടക്കമുള്ള ജീവനക്കാർക്ക് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിച്ചിരുന്നു.

മലയാളിയായ ബൈജു രവീന്ദ്രൻ ആണ് കമ്പനിയുടെ ഉടമ. ഇദ്ദേഹം ഏറ്റെടുത്ത 17 കമ്പനികളിൽ ഏറ്റവും സുപ്രധാനമായിരുന്നു വൈറ്റ്ഹാറ്റ് ജൂനിയർ. എന്നാൽ, കോവിഡ് ഒക്കെ ഒഴിഞ്ഞ് സ്കൂളുകൾ തുറന്ന് എല്ലാവരും ക്ലാസ്സ് റൂമിലേക്ക് തിരികെ എത്തിയപ്പോൾ വൈറ്റ്ഹാറ്റ് വഴി കോഡിങ് പഠിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുകയായിരുന്നു. ഇങ്ങനെ ഒരു വാർത്ത നിലനിൽക്കുമ്പോഴും, വൈറ്റ്ഹാറ്റ് ജൂനിയർ അടച്ചുപൂട്ടാൻ തീരുമാനമെടുത്തിട്ടില്ലെന്ന് ബൈജൂസ് വക്താവ് ഫൈനാൻഷ്യൽ എക്സ്പ്രെസ്സിനോട് പ്രതികരിച്ചു. കഴിഞ്ഞവർഷം അതായത് 2021 സാമ്പത്തികവർഷം അവസാനിച്ചപ്പോൾ ഏതാണ്ട് 4588 കോടി രൂപയായിരുന്നു ബൈജൂസിന്റെ സാമ്പത്തിക നഷ്ടം അതായത്, മുൻവർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 19 മടങ്ങ് കൂടുതലായിരുന്നു ഇത്. 2022 സാമ്പത്തിക വർഷത്തിൽ പതിനായിരം കോടി രൂപയിലധികം വരുമാനം എത്തുമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത് എന്നാൽ 2022 ലെ ലാഭമോ നഷ്ടമോ ഒന്നും തന്നെ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.


Image Source : Google