ട്വിറ്റർ അതിന്റെ ഇന്റെർണൽ ആശയവിനിമയ സംവിധാനമായ സ്ലാക്ക് അടച്ചു പൂട്ടിയതായി പറയപ്പെടുന്നു. സ്ലാക്ക് ബില്ലുകൾ അടക്കുന്നത് കമ്പനി നിർത്തലാക്കിയതായി ജോലിസ്ഥലത്തെ ചാറ്റ് ആപ്ലിക്കേഷനായ ബ്ലൈൻഡിൽ നിന്നും ഒരാൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. കമ്പനിയുടെ ഈ നീക്കം ജീവനക്കാരെ വളരെയധികം ആശങ്കയിലാക്കി. പെട്ടെന്ന് ആശയവിനിമയം നടത്താൻ കഴിയാതെ വന്നതിനാൽ വെള്ളിയാഴ്ച ദിവസം മുഴുവൻ ജീവനക്കാർക്ക് ആർക്കും തന്നെ ജോലി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പ്ലാറ്റ്‌ഫോർമർ ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോട് കൂടി കോഡ് ഷിപ്പ് ചെയ്യാനും പുതിയ ഫീച്ചറുകളുടെ പുരോഗതി നിരീക്ഷിക്കാനും എൻജിനീയർമാരെ അനുവദിക്കുന്ന ട്രാക്കിംഗ് സോഫ്റ്റ്‌വെയറായ ജിറയിലേക്കുള്ള ആക്‌സസ് ജീവനക്കാർക്ക് നഷ്‌ടമായി.
ഇത് മൂലം ചിലർ ഈ ദിവസം അവധിയെടുക്കാൻ തീരുമാനിക്കുകയും, മറ്റു ചിലർ രണ്ട് ദിവസത്തെ അവധി എടുക്കുകയാണെന്നും ജീവനക്കാർ ഇമെയിൽ വഴി കമ്പനിയെ അറിയിച്ചു. അതേസമയം, വെള്ളിയാഴ്ച രണ്ട് മിനിറ്റ് നേരത്തേക്ക് നിരവധി ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോം പ്രവർത്തനരഹിതമായിരുന്നു, കൂടാതെ 55 ശതമാനം ഉപയോക്താക്കളും മൊബൈലിൽ നിന്ന് പ്ലാറ്റ്ഫോം ആക്സസ് ചെയ്യുന്നതിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി പറയുന്നു. നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കുകയും അൽപസമയത്തിനകം സർവീസുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു.