നിരവധി അപ്ഡേറ്റുകൾ ഈയിടെയായി വാട്സ് ആപ്പ് പുറത്തിറക്കുന്നുണ്ട്. അയച്ച മെസ്സേജുകൾ എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ ആണ് ഇത്തവണ വാട്സ്ആപ്പിലേക്ക് എത്തുന്നത്. മറ്റൊരു മെസ്സേജിങ് പ്ലാറ്റ് ഫോം ആയ ടെലഗ്രാമിൽ ഈ സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമായിരുന്നു. ഈ ഫീച്ചർ വാട്സ്ആപ്പിൽ അവതരിപ്പിക്കാനായി ഡെവലപ്പർമാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതായി പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ Wabetainfo റിപ്പോർട്ട് ചെയ്യുന്നു. വരാനിരിക്കുന്ന അപ്ഡേറ്റുകളിലൂടെ ഫീച്ചർ ലഭ്യമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ‘എഡിറ്റ് മെസേജ്’ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് അയച്ച മെസ്സേജുകൾ എഡിറ്റ് ചെയ്യാൻ 15 മിനിറ്റ് എന്ന സമയ പരിധി മാത്രമാകും ഉണ്ടാകുക. ആ സമയം കൊണ്ട് മെസ്സേജിലെ തെറ്റുകൾ തിരുത്തുകയോ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തുകയോ ചെയ്യാം.
‘ഡിലീറ്റ് ഫോർ എവരിവൺ’ ഉപയോഗിക്കാതെ തന്നെ ഇനി മുതൽ മെസ്സേജുകൾ എഡിറ്റ് ചെയ്യാം എന്നത് ഉപയോക്താക്കൾക്ക് വളരെ പ്രയോജനപ്രദമായ ഒന്നായിരിക്കുമെന്ന് കരുതാം. പക്ഷെ ഫോട്ടോകൾക്കും വിഡിയോകൾക്കും ഉപയോക്താവ് നൽകുന്ന അടിക്കുറിപ്പുകൾ ഇത്തരത്തിൽ എഡിറ്റ് ചെയ്യാനോ മാറ്റാനോ കഴിയില്ല. ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് വേർഷനുകളിൽ മാത്രമേ ഈ ഫീച്ചർ ലഭിക്കുകയുള്ളൂ. നിലവിൽ ഐ.ഒ.എസ് ഉപയോക്താക്കൾക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചർ ബീറ്റ ടെസ്റ്റിംഗിനായി ഉടൻ തന്നെ പുറത്തിറങ്ങിയേക്കും. ഇനി വരുന്ന അപ്‌ഡേറ്റുകളിലൂടെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭിച്ചേക്കാം.