പ്രശസ്ത ടെലികോം ഉപകരണ നിർമ്മാതാവ് ആയ നോക്കിയ തങ്ങളുടെ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏകദേശം 60 വർഷത്തിനിടെ ആദ്യമായി ബ്രാൻഡ് ഐഡന്റിറ്റി മാറ്റാനുള്ള പദ്ധതികൾ ആണ് നോക്കിയ ഞായറാഴ്ച പ്രഖ്യാപിച്ചത്. നോക്കിയ എന്ന വാക്ക് രൂപപ്പെടുത്തുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ ഐക്കണിക് നീല നിറം ഒഴിവാക്കി മറ്റ് പുതിയ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. “സ്‌മാർട്ട്‌ഫോണുകളുമായി ബന്ധമുണ്ടായിരുന്നു, ഇപ്പോൾ ഞങ്ങൾ ഒരു ബിസിനസ്സ് ടെക്‌നോളജി കമ്പനിയാണ്,” എന്ന് നോക്കിയ ചീഫ് എക്‌സിക്യൂട്ടീവ് പെക്ക ലൻഡ്‌മാർക്ക് റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ടെലികോം കമ്പനികൾക്ക് ഉപകരണങ്ങൾ വിൽക്കുന്ന സേവന ദാതാക്കളുടെ ബിസിനസ് വളർത്താനാണ് നോക്കിയ ഇപ്പോഴും ലക്ഷ്യമിടുന്നതെങ്കിലും, മറ്റ് ബിസിനസ്സുകൾക്ക് ആവശ്യമായവ വിൽക്കുന്നതിലാണ് ഇപ്പോൾ കമ്പനിയുടെ പ്രധാന ശ്രദ്ധ. പ്രമുഖ ടെക്‌നോളജി സ്ഥാപനങ്ങൾ നോക്കിയ പോലുള്ള ടെലികോം ഗിയർ നിർമ്മാതാക്കളുമായി സഹകരിച്ച് സ്വകാര്യ 5G നെറ്റ്‌വർക്കുകളും ഓട്ടോമേറ്റഡ് ഫാക്ടറികൾക്കുള്ള ഗിയറുകളും ഉപഭോക്താക്കൾക്ക് വിൽക്കുന്നുണ്ട്. എന്നാൽ ഇത് കൂടുതലും നിർമ്മാണ മേഖലയിലാണ്. നോക്കിയ അതിന്റെ വ്യത്യസ്ത ബിസിനസുകളുടെ വളർച്ചാ പാത അവലോകനം ചെയ്യാനും ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ള ബദലുകൾ പരിഗണിക്കാനും പദ്ധതിയിടുന്നുണ്ട്. ഫാക്ടറി ഓട്ടോമേഷനിലേക്കും ഡാറ്റാ സെന്ററുകളിലേക്കുമുള്ള നോക്കിയയുടെ നീക്കം, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ വമ്പൻ ടെക് കമ്പനികൾക്ക് തികച്ചും ഒരു വെല്ലുവിളി ആയേക്കാം.


Image Source : Google