വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂ ട്യൂബ് കോൺടെന്റ് ഉണ്ടാക്കുന്നവർക്കായി മൾട്ടി-ലാംഗ്വേജ് ഓഡിയോ ട്രാക്കുകൾക്കുള്ള സപ്പോർട്ട് പുറത്തിറക്കുകയാണെന്ന് പ്രഖ്യാപിച്ചു. കോൺടെന്റ് ഉണ്ടാക്കുന്നവർക്ക് അവരുടെ പുതിയതും നിലവിലുള്ളതുമായ വീഡിയോകൾ വിവിധ ഭാഷകളിൽ ഡബ് ചെയ്യാൻ സഹായകമാകും. കഴിഞ്ഞ ഒരു വർഷമായി, ജനപ്രിയ യൂ ട്യൂബ് കോൺടെന്റ് സ്രഷ്ടാവായ ജിമ്മി ഡൊണാൾഡ്‌സണും മിസ്റ്റർ ബീസ്റ്റും അടങ്ങുന്ന ഒരു ചെറിയ കൂട്ടം സ്രഷ്‌ടാക്കളുമായി ചേർന്ന് കമ്പനി ഈ ഫീച്ചർ പരീക്ഷിച്ച് വരികയായിരുന്നു.
കാഴ്‌ചക്കാരെ സംബന്ധിച്ചിടത്തോളം, മൾട്ടി-ലാംഗ്വേജ് ഓഡിയോ വരുന്നത് വഴി അവർക്ക് ഇപ്പോൾ അവരുടെ പ്രാഥമിക ഭാഷയിൽ തന്നെ ഡബ്ബ് ചെയ്‌ത വീഡിയോകൾ കാണാൻ കഴിയും. മാത്രമല്ല അവർ കണ്ടിട്ടില്ലാത്ത കൂടുതൽ കണ്ടെന്റുകൾ അവരെ പരിചയപ്പെടുത്തുകയും ചെയ്യുമെന്ന് കമ്പനി ഒരു ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു. 40-ലധികം ഭാഷകളിലായി 3,500-ലധികം ബഹുഭാഷാ വീഡിയോകൾ ഇതിനകം അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് യൂ ട്യൂബ് അറിയിച്ചു.