സാങ്കേതിക ഭീമനായ ഗൂഗിൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് തുടർന്ന് കൊണ്ടിരിക്കുകയാണ് ഇതിനിടെ, പിരിച്ചുവിടൽ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് പുറത്താക്കപ്പെട്ട ഒരു ഇന്ത്യൻ ജീവനക്കാരൻ പറഞ്ഞു. ഏറ്റവും ഉയർന്ന റേറ്റിംഗുള്ള ജീവനക്കാർക്കും പിങ്ക് സ്ലിപ്പുകൾ നൽകിയതായി ഗൂഗിൾ ഇന്ത്യ ജീവനക്കാരൻ അനിമേഷ് സ്വെയിൻ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ പറഞ്ഞു. ഇത് കൂടാതെ അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ചവരുടെ പേരും ഈ പട്ടികയിലുണ്ട്. ഗൂഗിൾ ക്ലൗഡ് പ്രോഗ്രാം മാനേജരായി പ്രവർത്തിക്കുന്ന ഗുരുഗ്രാം ആസ്ഥാനമായുള്ള മറ്റൊരു ജീവനക്കാരിയായ ആക്രിതി വാലിയയെ മീറ്റിംഗിന് 10 മിനിറ്റ് മുമ്പ് പിരിച്ചുവിട്ട സംഭവവും നടന്നിട്ടുണ്ട്.

കമ്പനിയിലെ ആഗോളതലത്തിൽ 12,000 തൊഴിലാളികളെ ബാധിച്ച വലിയ തൊഴിൽ വെട്ടിക്കുറവിന്റെ ഭാഗമാണ് ഗൂഗിൾ ഇന്ത്യയിലെ പിരിച്ചുവിടലുകൾ. ഗൂഗിൾ ഇന്ത്യ അടുത്തിടെ 400-ലധികം ജീവനക്കാരെ തങ്ങളുടെ കമ്പനിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. പിരിച്ച് വിടലുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് ഗൂഗിൾ സിഇഒ ആയ സുന്ദർ പിച്ചെ ഇമെയിൽ സന്ദേശം അയച്ചിരുന്നു. കമ്പനിയെ ഇവിടെ എത്തിച്ച തീരുമാനങ്ങളുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പിച്ചൈ പറഞ്ഞു.