ഈയടുത്ത് ആളുകൾ ഏറ്റവും കൂടുതൽ പറയുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത മികച്ച ഒരു ടെക് കമ്പനി ആണ് ഓപ്പൺ എ ഐ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ട് ആയ ചാറ്റ് ജി പി ടി ക്ക് ജന്മം നൽകിയതോടെയാണ് ഒരു സ്റ്റാർട്ടപ്പ് കമ്പനി കൂടിയായ ഓപ്പൺ എ ഐ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ മൈക്രോസോഫ്റ്റിന് കോടികളുടെ നിക്ഷേപമുള്ള കമ്പനി ഗൂഗിളും മെറ്റയും പിരിച്ചുവിട്ട ജീവനക്കാരെ ജോലിക്കെടുത്ത് കൊണ്ടാണ് വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. ചാറ്റ് ജി പി ടി-യുടെ ജനപ്രീതിയും കഴിവും എല്ലാം തന്നെ ഗൂഗിൾ സെർച്ച് എൻജിന് തന്നെ ഒരു കനത്ത തിരിച്ചടിയാകും എന്ന് കമ്പനി ഭയക്കുന്ന സമയത്താണ് ഇത്തരത്തിലൊരു വാർത്ത കൂടി വന്നിരിക്കുന്നത്.
ഗൂഗിൾ സെർച്ച് എഞ്ചിൻ ഭയക്കുന്ന ചാറ്റ് ജി പി ടി ക്ക് വേണ്ടി ഇനിമുതൽ ഗൂഗിൾ പിരിച്ചുവിട്ട ജീവനക്കാർ തന്നെ ജോലി ചെയ്യും എന്നത് ഗൂഗിളിന് ഒരു വലിയ തിരിച്ചടിയാകും എന്നതിൽ സംശയിക്കേണ്ടതില്ല. ബിസിനസ് ഇൻസൈഡർ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് നിലവിൽ 59 മുൻ ഗൂഗിൾ ജീവനക്കാരും 34 മുൻ മെറ്റാ ജീവനക്കാരും ഓപ്പൺ എ ഐ യിൽ ജോലിചെയ്യുന്നുണ്ട്. ഇരുന്നൂറിലധികം ജീവനക്കാരുള്ള ഓപ്പൺ എ ഐ കമ്പനി ആപ്പിളിൽ നിന്നും ആമസോണിൽ നിന്നും പിരിച്ചുവിട്ട നിരവധി ജീവനക്കാരെയും നിയമിച്ചിരുന്നു. ഗൂഗിൾ ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച്, ഗൂഗിൾ, മെറ്റ, ആപ്പിൾ ഉൾപ്പെടെയുള്ള വലിയ ടെക് കമ്പനികളിൽ ഉണ്ടായിരുന്ന മുൻ ജീവനക്കാരാണ് ഓപ്പൺ എ ഐ യുടെ നേതൃത്വത്തിൽ കൂടുതലും ഉൾപ്പെട്ടിരിക്കുന്നത്.