ഫെബ്രുവരി 13 മുതൽ യു കെ ഉൾപ്പെടെ ഒന്നിലധികം രാജ്യങ്ങളിൽ ആപ്പ് സ്റ്റോറിലെ ആപ്പുകളുടെ വിലകൾ വർദ്ധിക്കുമെന്ന് ആപ്പിൾ ഒരു ഡെവലപ്പർ പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. നികുതികളിലെയും വിനിമയ നിരക്കുകളിലെയും ഏറ്റക്കുറച്ചിലുകളുടെ ഫലമായാണ് ഇത് സംഭവിച്ചിരിക്കുന്നത്. കൊളംബിയ, ഈജിപ്ത്, ഹംഗറി, നൈജീരിയ, നോർവേ, ദക്ഷിണാഫ്രിക്ക, യു കെ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ആപ്പ് സ്റ്റോറിലെ ആപ്പുകളുടെ വിലകൾ വർദ്ധിക്കുമെന്ന് ആപ്പിൾ അറിയിച്ചു. എന്നിരുന്നാലും, മൂല്യവർധിത നികുതി നിരക്ക് 15% ൽ നിന്ന് 12% ആയി കുറച്ചതിനാൽ ഉസ്ബെക്കിസ്ഥാനിൽ വില കുറയും. 

അയർലൻഡ്, ലക്സംബർഗ്, സിംഗപ്പൂർ, സിംബാബ്‌വെ എന്നീ സ്ഥലങ്ങളിൽ വിലകൾ മാറ്റമില്ലാതെ തുടരും, എന്നാൽ വാറ്റിലെ (VAT) മാറ്റങ്ങൾ കാരണം ഈ രാജ്യങ്ങളിൽ നിന്നുള്ള വരുമാനത്തിലും നേരിയ മാറ്റമുണ്ടാകും. അയർലൻഡിൽ ഇലക്‌ട്രോണിക് പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും വാറ്റ് നിരക്ക് 9% ൽ നിന്ന് 0% ആയി കുറയും, ലക്‌സംബർഗിൽ VAT നിരക്ക് 17% ൽ നിന്ന് 16% ആയി കുറയും, സിംബാബ്‌വെയിൽ VAT നിരക്ക് 14.5% ൽ നിന്ന് 15% ആയും വർദ്ധിക്കും. സിംഗപ്പൂരിൽ ചരക്ക് സേവന നികുതി നിരക്ക് 7% ൽ നിന്ന് 8% ആയി വർദ്ധിക്കും.