ഇന്ത്യയിലുൾപ്പെടെ ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് തങ്ങളുടെ മൈക്രോസോഫ്റ്റ് സേവനങ്ങളായ ടീമുകൾ, എക്സ്ബോക്സ് ലൈവ്, ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് 365 സ്യൂട്ട് തുടങ്ങിയ ആപ്ലിക്കേഷനുകളിൽ പ്രശ്നം നേരിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട്, കൃത്യമായി എന്താണ് സംഭവിച്ചതെന്ന് കമ്പനി ഈ ആഴ്ച വിശദമായ അവലോകനം സമർപ്പിക്കും. ഏതാണ്ട് നാല് മണിക്കൂറിലധികം സമയം മൈക്രോസോഫ്റ്റ് സേവനങ്ങൾ ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമായിരുന്നു. ഇതിന് ശേഷം ഈ സെർവീസുകളെല്ലാം തന്നെ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. 

മൈക്രോസോഫ്റ്റിന്റെ ടീമിന്റെയും ഔട്ട്‌ലുക്കിന്റെയും മറ്റ് ചില ആപ്ലിക്കേഷനുകളുടെയും സേവനങ്ങൾ ബുധനാഴ്ച ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ലഭ്യമായിരുന്നില്ല. നിരവധി ഉപയോക്താക്കൾക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടത്. 63 ശതമാനത്തിലധികം ഉപയോക്താക്കൾക്ക് ആപ്പിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. 26 % പേർ സെർവർ കണക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തു. 11 % പേർ വെബ്‌സൈറ്റിലെ പ്രശ്‌നങ്ങളെ പറ്റിയാണ് സംസാരിച്ചതെന്നും ഡൗൺ ഡിറ്റക്ടർ പറയുന്നു. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ് കൂടുതലായും മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ നിലച്ചത്.