കോടിക്കണക്കിന് ഇന്ത്യക്കാർ റെയിൽവേ സേവനങ്ങൾക്കായി ആശ്രയിക്കുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷന്റെ (IRCTC) വെബ്സൈറ്റിൽ നിന്ന് അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. മാത്രമല്ല മൂന്ന് കോടിയിലേറെ യാത്രക്കാരുടെ വിലാസം, ഫോൺ നമ്പർ, മെയിൽ ഐഡി മുതലായ വ്യക്തിഗത വിവരങ്ങൾ ഇപ്പോൾ ഡാർക്ക് വെബിൽ ഹാക്കർമാർ വിൽപ്പനയ്ക്കായി വച്ചിട്ടുണ്ട്. ഇതിൽ വി ഐ പി കളുടെയും , അവരുടെ ഉദ്യോഗസ്ഥരുടെയും, ഉന്നതരായ സർക്കാർ ഉദ്യോഗസ്ഥരുടെയും വരെ വിവരങ്ങൾ ഉൾപ്പെടുന്നു. റെയിൽവേ യാത്രക്കാരുടെ യാത്രയെ സംബന്ധിച്ചുള്ള വിവരങ്ങളും, ഇൻവോയ്‌സുകളും തട്ടിയെടുത്തതായും ഹാക്കർ അവകാശപ്പെടുന്നു. ഇതിന് പുറമെ യാത്രക്കാരുടെ ബുക്കിങ് ഡീറ്റൈൽസും ലഭ്യമായതോടെ ഇവരുടെ ഇനിയുള്ള യാത്രകളെക്കുറിച്ച് പോലും ഇവർക്ക് അറിയാൻ കഴിയും.
"ഷാഡോഹാക്കർ" എന്ന ഒരു ഹാക്കറുടെ അക്കൗണ്ടിൽ നിന്നാണ് ഇത്തരത്തിൽ തട്ടിയെടുത്ത വിവരങ്ങൾ വിൽക്കാൻ വച്ചിരിക്കുന്നത്. വിവരം പുറത്ത് വന്നതോടെ IRCTC ഉപയോക്താക്കളെല്ലാം തന്നെ ഭീതിയിലാണ്. കാരണം തട്ടിയെടുത്ത വിവരങ്ങൾ ഏത് രീതിയിൽ ഉപയോഗിക്കുമെന്നോ അത് തങ്ങളെ എങ്ങനെ ബാധിമെന്നോ ഉള്ളതിനെപ്പറ്റിയൊന്നും ഒരറിവുമില്ലാത്തവരാണ് ബാധിക്കപ്പെട്ടവരിലേറെയും. സാമ്പിളായി നൽകിയ ഡാറ്റ പരിശോധിക്കുമ്പോൾ അത് സത്യമാണെന്ന് കണ്ടെത്തിയതായി ടെക്ലോമീഡിയ റിപ്പോർട്ട് ചെയ്തു. ഡിസംബർ 27 ന് നടന്ന ഡാറ്റ ലംഘനത്തെപ്പറ്റി ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചതായും അറിയുന്നുണ്ട്. ഐആർസിടിസി യുടെ എല്ലാ ബിസിനസ് പങ്കാളികളോടും അവരുടെ പക്കൽ നിന്ന് എന്തെങ്കിലും ഡാറ്റ ചോർച്ചയുണ്ടോ എന്ന് പരിശോധിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ട്.