സോഷ്യൽ മീഡിയ താരങ്ങൾക്ക് വരുമാനം കുമിഞ്ഞു കൂടുന്ന കാലമാണ് ഇത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാം റീൽസിലും യൂട്യൂബിലുമൊക്കെയായി നിരവധി മലയാളി ഇൻഫ്ലുവൻസർമാരാണുള്ളത്, ഇവർ പണം സമ്പാദിക്കുന്നതിന്റെ പ്രധാന ഉറവിടം ആണ് പെയ്ഡ് പ്രമോഷനുകൾ. തങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഏതെങ്കിലും ഉത്പന്നങ്ങൾക്കോ സേവനങ്ങൾക്കോ അവർക്കാവശ്യമായ രീതിയിൽ പരസ്യം ചെയ്തു കൊടുക്കുന്ന രീതിയാണിത്. പക്ഷെ ഇനി മുതൽ ഇത്തരത്തിൽ പ്രൊമോഷൻ ചെയ്യണമെങ്കിൽ അതിൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞിരിക്കണം. ഇങ്ങനെ ഇവർ ചെയ്യുന്ന പെയ്ഡ് പ്രൊമോഷനെക്കുറിച്ച് ഫോളോവേഴ്സി നോട് മുൻകൂട്ടി പറഞ്ഞിട്ടില്ലെങ്കിൽ 50 ലക്ഷം രൂപ വരെ പിഴ ചുമത്താനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. അത് കൊണ്ട് തന്നെ ഇനി ഇത്തരത്തിൽ പണം വാങ്ങി നടത്തുന്ന പ്രമോഷനുകൾ വെളിപ്പെടുത്തിയില്ലെങ്കിൽ വലിയൊരു തുക തന്നെ പിഴയായി നൽകേണ്ടി വരും.
ഇവർ ചില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതായി കാണിച്ച് കൊണ്ടോ, അതിനെപ്പറ്റി കൂടുതൽ സംസാരിച്ച്കൊണ്ടോ ഫോളോവേർസിലേക്ക് ഉത്പന്നത്തിന്റെ സ്വാധീനം എത്തിക്കുന്നു. ഇത്രയുമൊക്കെ പറഞ്ഞ് പ്രൊമോട്ട് ചെയ്യുന്ന ഈ പ്രോഡക്റ്റ് കളെപ്പറ്റി യാതൊരുവിധമായ ധാരണയും ഇൻഫ്ലുവൻസർമാർക്കുണ്ടാകണമെന്നില്ല. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ ഇങ്ങനെയുള്ള പ്രൊമോഷനുകൾ നിർത്തലാക്കാൻ നിലവിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും നിർദ്ദേശങ്ങളൊന്നുമില്ലെങ്കിലും, ഇതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമങ്ങൾ വൈകാതെ തന്നെ നിലവിൽ വരും. എന്നാൽ ഈ നിയമം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് മാത്രമായിരിക്കില്ലെന്നും മറിച്ച് സെലിബ്രിറ്റികൾക്കും ഫൈനാൻഷ്യൽ ഇൻഫ്ലുവൻസർമാർക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാകുമെന്നും റിപ്പോർട്ടുകളുണ്ട്.