2025 മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ മൊബൈലുകൾക്കും യു എസ് ബി ടൈപ്പ് സി ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നു. ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സി ടൈപ്പ് ചാർജിങ് പോർട്ട് ഉറപ്പാക്കുന്നതിനായി മൊബൈൽ നിർമ്മാതാക്കൾക്ക് 2025 മാർച്ച് വരെ സമയം അനുവദിക്കും. ഉപഭോക്‌തൃ കാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിങ് ആണ് ഈ കാര്യം ഇക്കണോമിക് ടൈംസ് നോട് പറഞ്ഞത്. സ്മാർട്ട് ഫോണുകൾ അടക്കമുള്ള എല്ലാ ഉപകരണങ്ങളിലും ടൈപ്പ് സി പോർട്ട് കൊണ്ട് വരണമെന്നുള്ള നിയമം ആദ്യം പാസ്സാക്കിയത് യൂറോപ്യൻ യൂണിയൻ ആയിരുന്നു. ആൻഡ്രോയിഡ് ഫോണുകൾ മിക്കതും ഇപ്പോൾ ടൈപ്പ് സി ചാർജിങ് പോർട്ടുകളുമായാണ് വിപണിയിലേക്കെത്തുന്നത്. എന്നാൽ ആപ്പിൾ ഫോണുകളെ സംബന്ധിച്ചിടത്തോളം അവർ ഇപ്പോഴും ലൈറ്റ്നിങ് ചാർജിങ് പോർട്ടുകളിൽ തന്നെ തുടരുകയാണ്.
ഇന്ത്യയും സമാന നിയമവുമായി രംഗത്തെത്തുന്നതോടെ ചാർജർ മാറ്റുകയല്ലാതെ മറ്റൊരു വഴിയും ഇവർക്ക് ഉണ്ടാകില്ല. യൂറോപ്യൻ യൂണിയന്റെ തീരുമാനം അനുസരിച്ച് 2023 ഡിസംബർ 28 നുള്ളിൽ തന്നെ ഇതിനുള്ള മാർഗ്ഗ നിർദ്ദേശം പുറത്തിറക്കുകയും, 2024 ഡിസംബർ 28 ന് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യും. ഇതിന് 3 മാസങ്ങൾക്ക് ശേഷമാകും ഇന്ത്യയിൽ ഈ മാർഗ്ഗ നിർദ്ദേശം പ്രാബല്യത്തിൽ വരിക. ടൈപ്പ് സി ചാർജറുകൾ കൊണ്ട് വരുന്നതിനുള്ള തീരുമാനം നടപ്പിലാക്കുന്നത് പരിശോധിക്കാനുള്ള കർമ്മ സമിതി രൂപീകരിച്ചതായും, ഇലെക്ട്രോണിക്‌സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യ സംഘടനകളിലേയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രതിനിധികൾ സമിതിയിലുള്ളതായും കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബേ രാജ്യസഭയിൽ കഴിഞ്ഞ ദിവസം അറിയിച്ചു.