ഇന്നത്തെ ബിസിനസ്സുകളിൽ ഏറെ പ്രധാനമായതും ഒഴിച്ചുകൂടാൻ കഴിയാത്തതുമായ ഒന്നാണ് ടെക്നോളജി. വമ്പൻ ബിസിനസ്സുകൾക്ക് തങ്ങളുടെ ഉൽപ്പാദനം വേഗത്തിലാക്കാനും, ഉൽപ്പന്നങ്ങളിൽ വ്യത്യസ്തത കൊണ്ട് വരാനും, വിൽപ്പന വേഗത്തിലാക്കുന്നതിനുമെല്ലാം നിർണ്ണായകമായ പങ്കാണ് ടെക്നോളജികൾ വഹിക്കുന്നത്. സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളിൽ തുടങ്ങി, കൃത്രിമ ബുദ്ധിയോടെ പ്രവർത്തിക്കുന്ന റോബോട്ടുകൾ വരെ എത്തി നിൽക്കുന്നു ഇന്നത്തെ ടെക്നോളജി. മനുഷ്യർ സമയമെടുത്ത് ചെയ്യുന്ന പലജോലികളും നിമിഷ നേരം കൊണ്ട് ചെയ്തു തീർക്കുന്നവയാണ് ഇവയിൽ പലതും. എന്നാൽ ടെക്നോളജി വളരുന്നതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഒരു വശത്ത് കൂടെ വർദ്ധിച്ച് വരുന്നുണ്ട്. കാരണം, ഇന്ന് ബിസിനസ്സുകൾ എല്ലാം തന്നെ തങ്ങളുടെ വളരെ പ്രധാനപ്പെട്ടതും, ബിസിനസ്സ് സംബന്ധവുമായ എല്ലാ വിവരങ്ങളും ശേഖരിച്ച് വെക്കുന്നത് ഇന്റെർനെറ്റിലാണ്. ആവശ്യമുള്ളപ്പോൾ ആവശ്യമുള്ള സ്ഥലത്ത് നിന്ന് എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും എടുക്കാം എന്നതു പോലെ തന്നെ എല്ലാ വിവരങ്ങളും വിരൽ തുമ്പിൽ ലഭിക്കുക എന്നതും ചെറിയ കാര്യമല്ലല്ലോ അല്ലേ ?
പക്ഷെ, ഇങ്ങനെ സൂക്ഷിക്കുന്ന വിവരങ്ങൾ മറ്റൊരാളിലേക്ക് എത്തുമ്പോഴാണ് നമ്മളുടെ ബിസിനസ്സുകൾക്ക് പാളിച്ചകൾ സംഭവിക്കുന്നത്. ഇങ്ങനെയുള്ള ഡാറ്റ തട്ടിയെടുക്കുന്നതിനായി ഹാക്കേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഒരു വിഭാഗം തക്കം പാർത്തിരിക്കുന്നുണ്ട്. ഇവരിൽ നിന്നും നമ്മുടെ വിവരങ്ങൾ സുരക്ഷിതമാക്കി നിർത്തുക അൽപ്പം പ്രയാസമാണ്. എങ്കിലും നമ്മളെടുക്കുന്ന ചില മുൻകരുതലുകൾ വഴി ഇതിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെട്ട് നിൽക്കാൻ കഴിയും. കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ, സാങ്കേതികവിദ്യയിലെ പുരോഗതി എല്ലാ മേഖലകളിലുമുള്ള ബിസിനസുകൾക്കുള്ളിലെ ഐടി നിക്ഷേപങ്ങളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കും എന്നത് ഉറപ്പുള്ള കാര്യമാണ്. 2022 ൽ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ടെക്‌നോളജികൾക്ക് 1.8 ട്രില്യൺ ഡോളർ ചെലവ് ആയതായാണ് കണക്കാക്കപ്പെടുന്നത്. ഇന്റർനെറ്റ് സൗകര്യങ്ങളിലൂടെ ബിസിനെസ്സുകളെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നുണ്ടെങ്കിലും ഇതിലൂടെയുള്ള റിസ്കുകളും അത്രതന്നെ വലുതാണ്. പുതിയതും നൂതനവുമായ രീതികൾ പ്രയോജനപ്പെടുത്തിയാണ് ഇപ്പോൾ സൈബർ കുറ്റവാളികൾ കുറ്റകൃത്യങ്ങൾ നടത്തി വരുന്നത്. ഇത് മൂലം ഒട്ടുമിക്ക ബിസിനസ്സുകൾക്കും സാമ്പത്തിക നഷ്ട്ടങ്ങൾക്ക് പുറമെ തന്നെ ബ്രാൻഡിനും വളർച്ചക്കും ദോഷകരമായ പ്രവർത്തികളും ചെയ്യുന്നുണ്ട്.
ബിസിനസ്സുകളെ സംബന്ധിച്ചിടത്തോളം, ശരിയായ പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതും സുരക്ഷാ നടപടികളിൽ പ്രത്യേകം ശ്രദ്ധിക്കുന്നതും പ്രധാനമാണ്. ഇന്ന് രാജ്യത്തെ 68 ശതമാനം കമ്പനികളും അവരുടെ ഡാറ്റയിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിട്ടിട്ടുള്ളവരാണ്. ഇതിൽ ransomware ബാധിക്കപ്പെട്ടവരും ഏറെയുണ്ട്. കൂടാതെ, സൈബർ സുരക്ഷാ സ്ഥാപനമായ സോഫോസിന്റെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത് അനുസരിച്ച് മുൻപത്തെ വർഷം, പത്തിൽ ഏഴ് ഇന്ത്യൻ സ്ഥാപനങ്ങളും ransomware ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ്. കോവിഡ് സമയങ്ങളിലായിരുന്നു സൈബർ കുറ്റങ്ങൾ ഏറെയും വർധിച്ചു വന്നത്, അതിനൊരു പ്രധാന കാരണം ഒട്ടു മിക്ക ആളുകളും കോവിഡ് സമയത്ത് വീടുകൾക്കുള്ളിലിരുന്നാണ് തങ്ങളുടെ ജോലികൾ ചെയ്തു വന്നത്. ഇത് കൊണ്ട് തന്നെ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് കൃത്യമായ മറുപടികൾ നൽകാനോ, ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കണ്ടെത്തുത്തുന്നതിനും വളരെയധികം സമയം എടുക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.