തുടർച്ചയായ ഇടവേളകളിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന അമേരിക്കൻ ടെക്‌നോളജി കമ്പനിയായ ഗൂഗിൾ ഇത്തവണ സെർച്ചുമായി ബന്ധപ്പെട്ട പുതിയൊരു ഫീച്ചർ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ, ഉപയോക്താക്കൾക്ക് ഒരു യൂട്യൂബ് വീഡിയോയ്ക്കുള്ളിൽ ആവശ്യമുള്ള സമയങ്ങളിലെ ചിത്രങ്ങൾക്ക് വേണ്ടി സേർച്ച് ചെയ്യാം. ബീറ്റ പതിപ്പ് ഉപയോഗിച്ച് കൊണ്ട് ഇതിന്റെ സാദ്ധ്യതകൾ പരീക്ഷിച്ച് വരികയാണ് കമ്പനി.
ഉപയോക്താക്കൾക്ക് അവർ തിരയുന്ന കാര്യങ്ങൾ വേഗത്തിൽ കണ്ടെത്താൻ സാധിക്കുന്നതിലൂടെ തങ്ങളുടെ സമയം ലാഭിക്കാൻ കഴിയും. ഒരു വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ തന്നെ അതിൽ ഉൾപ്പെടുന്ന വിവരങ്ങൾ മുകളിലുള്ള സെർച്ച് ബാറിലൂടെ തിരഞ്ഞ് കണ്ടെത്താനുള്ള സംവിധാനമാണിത്. നിലവിൽ, ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണെങ്കിലും , ഉടൻ തന്നെ എല്ലാവർക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
കൂടാതെ, സെർച്ചിങ്ങിനായി ഒരു മൾട്ടിസെർച്ച് ഫീച്ചർ അവതരിപ്പിക്കാനും ഗൂഗിൾ പദ്ധതിയിടുന്നുണ്ട്. ഇത് ഉപയോക്താക്കളെ ചിത്രങ്ങളും സ്ക്രീൻഷോട്ടുകളും ചോദ്യങ്ങളും ഉപയോഗിച്ച് സെർച്ചിങ് വേഗത്തിലാക്കാൻ സഹായിക്കും. ഹിന്ദി, പഞ്ചാബി തുടങ്ങി ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ ഈ ഫീച്ചർ ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു.