അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ആയ ജിയോ ട്രൂ 5 ജി കൊച്ചിയിലും, ഗുരുവായൂർ ക്ഷേത്ര പരിസരങ്ങളിലും അവതരിപ്പിച്ചു. ഇന്നലെ (20-12-2022) കൊച്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിന്നും ഓൺലൈൻ ആയാണ് ഉദ്‌ഘാടനം നിർവഹിച്ചത്. അതിവേഗ ഇന്റർനെറ്റ് ലഭ്യമായി തുടങ്ങുന്നതോടെ കേരളത്തിലെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭിക്കുന്നതോടൊപ്പം, കമ്പനികൾക്കും ഇതിലൂടെ വലിയ നേട്ടങ്ങൾ കൊണ്ട് വരാൻ കഴിയും. 

5 ജി കണക്ഷൻ നൽകുന്നതിനായി കേരളത്തിൽ മാത്രം 6000 കോടിയോളം രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്. ഡിസംബർ അവസാനത്തോടെ തിരുവനന്തപുരത്തും, സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും 5 ജി സേവനം എത്തിക്കുമെന്ന് ജിയോ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ടെക്നോളജി രംഗത്ത് മികച്ച നേട്ടം കൊണ്ട് വരാൻ കഴിയുന്ന 5 ജി കേരളത്തിൽ എത്തിച്ചതിന് മുഖ്യമത്രി കമ്പനിക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. അതിവേഗ ഇന്റർനെറ്റ് ലഭ്യമാകുന്നതോടെ വിദ്യാഭ്യാസം, ആരോഗ്യം, ഐ ടി എന്നീ മേഖലകളിൽ  കൂടുതൽ വികസനം കൊണ്ട് വരാനും, സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് ഇത് വളരെയധികം പ്രയോജനപ്രദമാണ്. താമസിയാതെ തന്നെ കേരളത്തിന്റെ എല്ലായിടങ്ങളിലും ജിയോ ട്രൂ 5 ജി നെറ്റ്‌വർക്ക് ലഭിക്കും.