അവധിക്കാലത്ത് ജീവനക്കാരെ ശല്യപ്പെടുത്തിയാൽ 1 ലക്ഷം രൂപ പിഴ, പുതിയ പോളിസിയുമായി ഇന്ത്യൻ കമ്പനി രംഗത്ത്
ജീവനക്കാരെ അവരുടെ അവധിക്കാലം ഓഫീസ് തിരക്കുകളിൽ നിന്നും മാറി നിന്ന് കൊണ്ട് ആസ്വദിക്കാൻ അനുവദിക്കുന്ന പുതിയ നയവുമായി ഇന്ത്യൻ കമ്പനിയായ Dream 11 രംഗത്ത്. Unplug പോളിസി എന്ന് പേരിട്ടിരിക്കുന്ന പുതിയ നയം അനുസരിച്ച് അവധിയിലായിരിക്കുന്ന ജീവനക്കാരെ വിളിച്ച് ഓഫീസ് കാര്യങ്ങൾ സംസാരിക്കുകയാണെങ്കിൽ, അങ്ങനെ ചെയ്യുന്ന ജീവനക്കാർ കനത്ത പിഴ തന്നെ നൽകേണ്ടി വരും എന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. കുടുംബത്തോടൊപ്പം അവധി സമയം ചിലവഴിക്കുമ്പോൾ ജോലികര്യങ്ങൾ സംസാരിക്കുന്നതോ, ആകുലപ്പെടുന്നതോ ഒന്നും അത്ര നല്ല പ്രവണതയല്ല എന്ന നിലയിലാണ് കമ്പനി പുതിയ നയം പുറത്ത് കൊണ്ട് വരുന്നത്. ഒരു ഫാന്റസി സ്‌പോർട്‌സ് കമ്പനിയാണ് Dream 11.
UNPLUG നയ പ്രകാരം, അവധിയിലായിരിക്കുമ്പോൾ ജീവനക്കാർ തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ഇമെയിലുകൾ, കോളുകൾ എന്നിവ കൈകാര്യം ചെയ്യേണ്ട കാര്യമില്ല. ജീവനക്കാരെ അവരുടെ അവധിക്കാലം നല്ല രീതിയിൽ തന്നെ ആസ്വദിക്കണമെന്നും അതിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന നയമാണിതെന്നും കമ്പനി പറയുന്നു. ലിങ്ക്ഡിൻ അക്കൗണ്ടിലൂടെയാണ് കമ്പനി തങ്ങളുടെ ഡ്രീം 11 "UNPLUG" നയം പ്രഖ്യാപിച്ചത്.
"Dream11ൽ തന്റെ അവധിയിലിരിക്കുന്ന ജീവനക്കാരെ എല്ലാവിധ ആശയ വിനിമയങ്ങളിലും നിന്നും ഒഴിവാക്കും. ഇമെയിലുകളായാലും, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളായാലും അവർ അർഹമായ ഇടവേളയിൽ ആയിരിക്കുമ്പോൾ ഡ്രീംസ്‌റ്ററിന്റെ വർക്ക് ഇക്കോസിസ്‌റ്റത്തിൽ നിന്നുള്ള ആർക്കും അവരെ ബന്ധപ്പെടാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ ഇങ്ങനെ ചെയ്യുന്നത്" എന്നും പോസ്‌റ്റിൽ പറയുന്നു.
CNBC യുടെ റിപ്പോർട്ട് പ്രകാരം "UNPLUG" സമയത്ത് ഏതെങ്കിലും ജീവനക്കാരൻ ഔദ്യോഗിക ആവശ്യത്തിന് മറ്റൊരു ജീവനക്കാരനെ സമീപിച്ചാൽ അവർ ഒരു ലക്ഷം രൂപയുടെ പിഴ നൽകേണ്ടിവരുമെന്ന് കമ്പനിയുടെ സ്ഥാപകരായ ഹർഷ് ജെയിൻ, ഭവിത് സേത്ത് എന്നിവർ പറഞ്ഞു. അതേസമയം, കമ്പനിയുടെ പുതിയ നയത്തിൽ ജീവനക്കാർ ഏറെ സന്തുഷ്‌ടരാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.